കഴിഞ്ഞ ആഴ്ച കേരള-ദേശീയ രാഷ്ട്രീയ തലങ്ങളില്‍ വളരെ ജനശ്രദ്ധയാകര്‍ഷിച്ച സംഭവങ്ങളാണ് നടന്നത്.
വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ആരാണ് കൂടുതല്‍ പുറകോട്ടു പോകുക എന്ന ഒരു മത്സരം നടന്നത് പോലെ ആയിരുന്നു കോണ്‍ഗ്രസ് കമ്യുണിസ്റ്റ് കക്ഷികള്‍ നടത്തിയ പ്രകടനങ്ങള്‍.
കേന്ദ്രത്തില്‍ കോണ്ഗ്രസ് എക്കാലവും സുവര്‍ണ ലിപികളില്‍ തങ്ങളുടെ പേര് എഴുതിച്ചേര്‍ക്കുന്നതിനുള്ള അവസരം കളഞ്ഞു കുളിച്ചു. കാര്യം കള്ളപ്പണം തന്നെ. ചിലരുടെ കഷ്ടകാലം കൊണ്ട് തന്നെ ആകാം അസഞ്ഞേ പോലും മുക്കി വച്ച ആ ലിസ്റ്റ് ഗവണ്മെന്റ് നു ലഭിച്ചത്. പിന്നീട് ഈ വിവരം കൊടുത്ത വിദേശ എജെന്‍സി ക്ക് വരെ നാണക്കേടുണ്ടാക്കുന്ന വിധത്തില്‍ പ്രണബ് മുഖര്‍ജി പത്ര സമ്മേളനം നടത്തി. കള്ളപ്പണക്കാരുടെ പേര് പരസ്യപെടുത്തുന്നതിനു പരിമിതികള്‍ ഉണ്ടെന്നും അവരുടെ കാര്യത്തില്‍ നടപടി എടുക്കുന്നതിനും പരിമിതി ഉണ്ടെന്നും പറഞ്ഞ പ്രണബ് മുഖര്ജീ, ഒരു ചോദ്യം ഈ ജനങ്ങള്‍ ചോദിക്കുന്നത് താങ്കള്‍ കേള്‍ക്കുന്നില്ലേ?
* സര്‍ക്കാരിനു വരെ പരിമിതികള്‍ ഉണ്ടെങ്കില്‍ പിന്നെ ആരാണ് ഇവരെ നിയന്ത്രിക്കുക?
* നിയമങ്ങള്‍ നിര്‍മിച്ചു, അത് പരിരക്ഷിക്കുവാന്‍ കോടതിയെ അധികാരപ്പെടുത്തുകയും ചെയ്യേണ്ടുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് വളരെ കര്‍ശനമായി അത് ചെയ്യുന്നില്ല?
* പ്രകടനപത്രികയില്‍ നിറം പിടിപ്പിച്ച അക്ഷരങ്ങളില്‍ എഴുതിപിടിപ്പിച്ച വാഗ്ടനങ്ങളിലോന്നായ ഈ വിഷയത്തെക്കുറിച്ച് എന്തുകൊണ്ട് കഴിഞ്ഞ നാലുവര്‍ഷങ്ങളില്‍ പുതിയ നിയമ നിര്‍മാണം ഉണ്ടാക്കിയില്ല?
* ഈ പരിമിതികള്‍ ചൂണ്ടികാണിച്ചു കൊണ്ട് മുഖര്ജീ താങ്കള്‍ കള്ളപ്പണക്കാരെ പിന്തുണക്കുകയല്ലേ?
ഇന്ത്യയിലെ ജനങ്ങളെ എക്കാലവും പറ്റിക്കാന്‍ സാധിക്കുകയില്ല, അവര്‍ ഇപ്പോള്‍ തന്നെ എല്ലാം മനസ്സിലാക്കിയിട്ടുണ്ട്, പക്ഷെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിയും അഴിമതിയുടെ കാര്യത്തില്‍ ഒറ്റക്കെട്ടാവുമ്പോള്‍ പാവം ജനങ്ങള്‍ക്കാണ് കണ്ടക:ശനി.
കേരളത്തില്‍ മാധ്യമ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശുക്രദശ തുടങ്ങി. ഭാഗ്യം വന്നത് കുഞ്ഞാലിക്കുട്ടി വഴി തന്നെ. ഇദ്ദേഹം ജനങ്ങള്‍ പാടെ മറന്ന ഐസ് ക്രീം പാര്‍ലര്‍ കേസ് എല്ലാവരേയും ഓര്‍മിപ്പിച്ചു. അവസരത്തിനൊത്തു ഉണര്‍ന്നു പ്രവര്‍ത്തിച്ച ഇന്ത്യ വിഷന്‍ നാല് മാസം കൊണ്ട് എല്ലാ വിദഗ്ധ തെളിവും സംഘടിപ്പിച്ച് കേസ് ശക്തിപെടുത്തുവാന്‍ ആവുന്നത് ചെയ്യുന്നുണ്ട്. പ്രഗല്‍ഭ ജ്യോത്സ്യനെ കണ്ടു തന്നെയായിരിക്കും ഇങ്ങനെയുള്ള കാര്യങ്ങള്‍ നേരത്തെ ഇന്ത്യ വിഷന്‍ അറിഞ്ഞു വിവരങ്ങള്‍ ശേഖരിച്ചത്. ഓടുന്ന പട്ടിക്കു ഒരു മുഴം മുന്‍പേ.. കൊള്ളാം..!!! മുസ്ലിം ലീഗ് നും കുഞ്ഞാലിക്കുട്ടിക്കും ഇനി രാഹു-കേതുക്കളുടെ അപഹാരം ആണ്... നാക്കിനെ ശ്രദ്ധിക്കുക.
കാര്യങ്ങള്‍ ഇത്രയൊക്കെ തുണച്ചിട്ടും കമ്യുണിസ്റ്റ് കാര്‍ നേരെയാകാത്തത് ആണ് ഈ ആഴ്ചത്തെ അത്ഭുത പ്രതിഭാസം. ലോട്ടറിയും സ്മാര്‍ട്ട് സിറ്റിയും എല്ലാം അവര്‍ നശിപ്പിച്ചു, ഇനി കുഞ്ഞാലിക്കുട്ടി രാശി മാറാതിരുന്നാല്‍ വീണ്ടും അഞ്ചു വര്ഷം വെയില് കൊള്ളാതെ നടക്കാം...
ശുഭം...
നോട്ട്: ഇത് പൊതുവേ രാഷ്ട്രീയക്കാരെ പറ്റിയാണെങ്കിലും പൊതു ജനങ്ങള്‍ക്കാണ് കൂടുതല്‍ ബാധിക്കുക... പരിഹാരങ്ങള്‍ക്ക് നേരിട്ടു പാര്‍ട്ടിയെ സമീപിക്കുക. ദക്ഷിണ നിര്‍ബന്ധം.
വാല്‍ക്കഷണം: ഇതുവരെ ആറില്‍ നിന്ന ശനി, എങ്ങോട്ടോ പോയതിനാല്‍ ജട്ജിമാര്‍ക്ക് തീരെ നല്ല കാലമല്ല. അവര്‍ ഒളി ക്യാമറകളെയും സന്ദര്‍ശകരെയും പ്രത്യേകം ശ്രദ്ധിക്കുക. ചാരവശാല്‍ സ്ഥാനചലനം ഫലം!
No comments:
Post a Comment