കുട്ടനെ ഇപ്പോള്‍ നിങ്ങള്‍ക്ക് പരിചയമായി കാണുമല്ലോ. കുട്ടന്റെ ജീവിതത്തില്‍ അടുത്തിടെ ചില മാറ്റങ്ങള്‍ ഉണ്ടായി. അന്ന് പറഞ്ഞ ആ എന്ടോസള്‍ഫാന്‍ ദുരന്തത്തിന് ശേഷം വിശിഷ്ട സേവ മെഡല്‍ വാങ്ങി തന്നെ കുട്ടന്റെ എഞ്ചിനീയര്‍ ജീവിതം അവസാനിച്ചു. ജീവിതം വഴിമുട്ടിയപ്പോള്‍ പഴയ തട്ടിപ്പ് വിദ്യകളിലേക്ക് ഒരു മടക്കയാത്ര വരെ ആലോചിച്ചു. അങ്ങനെ നില്‍കുമ്പോള്‍ കുട്ടന്റെ ഒരു പഴയ തോഴനായ കണ്ണന്‍ പിള്ള അവതരിക്കുന്നു. ആള്‍ ഒരു മാനേജ്‌മന്റ് കണ്‍സല്‍ട്ടന്റ് ആണ്. കണ്ണന്റെ കഥയിലൂടെ ഒരു മാനസയാത്ര നടത്തിയ കുട്ടന്നു ബോധോദയം ഉണ്ടാകുന്നു, ഇനി തന്റെ തൊഴില്‍ അത് തന്നെ - കണ്‍സല്‍ട്ടന്റ് ആകുക. കുട്ടന്‍ പലര്‍ക്കും പണ്ടേ തന്നെ കണ്സല്ട്ടിംഗ് നല്‍കിയിട്ടുണ്ട്. പലര്‍ക്കും പല മാറ്റങ്ങളും വരുത്താനായിട്ടുമുണ്ട്.
എഞ്ചിനീയര്‍ ജോലിയില്‍ നിന്നുള്ള മാറ്റം കുട്ടന് നന്നേ ബോധിച്ചു. രാവിലെ എഴുന്നേറ്റു ഓഫീസില്‍ പോകണ്ട, ഉച്ച വരെ ഉറങ്ങാം, ദിവസവും കുളിക്കുക കൂടി വേണ്ട. സംഭവം ബഹുരസം. കുടവയറും, പൊണ്ണതടിയും കുറയുക എന്ന സൌകര്യങ്ങള്‍ വേറെയും. കാരണം മടിയുള്ളതിനാല്‍ പാചകം ഇല്ല, ഹോട്ടലില്‍ പോയി കഴിക്കുകയും ഇല്ല.
കാര്യങ്ങള്‍ ഇങ്ങനെ പോകുമ്പോള്‍ ആണ് കുട്ടന് പ്രശ്നത്തെ പറ്റി ധാരണ ഉണ്ടാകുന്നത്. കണ്സല്ടന്റ്റ് ആയിട്ട്, ഇതുവരെയും ആര്‍ക്കും കണ്സല്ട്ടിംഗ് കൊടുത്തിട്ടില്ല. പതിവുപോലെ തന്റെ ചാറ്റിങ്, ട്വീടിംഗ് എന്നിവയില്‍ മുഴുകി ഇരിക്കുമ്പോള്‍ ഒരു ഇര വീണു കിട്ടുന്നു. ഇര ഒരു പാവം എഞ്ചിനീയറിംഗ് വിദ്യാര്‍ഥി. പ്രശ്നം പ്രൊഫഷണല്‍ കരിയര്‍ തന്നെ.
മൂകാംബിക ദേവിയെ ധ്യാനിച്ച് കുട്ടന്‍ തന്റെ വിശകലനം ആരംഭിച്ചു. പയ്യന്‍സ് ഒരു പ്രേമം കലങ്ങിയതിന്റെ നിരാശയില്‍ ആണ്. പയ്യന്‍സ് ജനിക്കുമ്പോള്‍ നക്ഷത്ര സമൂഹങ്ങളും, നവ ഗ്രഹങ്ങളും ഹര്‍ത്താല്‍. ഒടുവില്‍ സമവായതിലായ അനിഴം നക്ഷത്രമുദിച്ചു. കലശലായ മാതാ-പിതാ വിധേയത്വം ഫലം. അങ്ങനെ അവര്‍ക്ക് വേണ്ടി താന്‍ സ്നേഹിച്ച കുട്ടിയെ മനസ്സില്‍ നിന്ന് യാത്രയാക്കി വീണ്ടും വിദ്യ അഭ്യസിക്കാന്‍ കച്ചകെട്ടി ഇറങ്ങി. ഇനി വേണ്ടത് ലക് ഷ്യബോധം.
കുട്ടന്‍ ഒന്ന് കാര്യങ്ങളെ അവലോകനം ചെയ്തു. കണ്ണടച്ച് ധ്യാനിച്ച്. വിശാലമായി മുറുക്കി തുപ്പി. എന്നിട്ട് പയ്യന്‍സിനെ സഹോദര തുല്യനായി അവരോധിച്ച് തന്റെ ഉപദേശങ്ങള്‍ കൊടുത്തു.
കുട്ടന്റെ ഉപദേശങ്ങള്‍ മുഴുവന്‍ ഇവിടെ വിവരിക്കുന്നില്ല, കാരണം, അത് വളരെ നീണ്ടു പോകും. കേട്ടിരുന്ന പയ്യന്‍സിന്റെ മന:ശക്തി വായനക്കാര്‍ക്കുണ്ടാകില്ല. കുട്ടന്‍ പറഞ്ഞ ഒരു ചെറിയ കഥ ചുരുക്കി പറയാം.
കുട്ടന്‍ ഉവാച:
ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയായ അരുണിന്റെ ഏറ്റവും വലിയ ആഗ്രഹം, ഓട്ടമത്സരത്തില്‍ ജയിച്ചു മെടല്‍ വാങ്ങണമെന്നായിരുന്നു. അതിനായി അവന്‍ കഠിന പരിശീലങ്ങളും വ്യായാമ മുറകളും ശീലിച്ചുപോന്നു. ഇങ്ങനെ ഇരിക്കുമ്പോഴാണ് ആ ദാരുണ സംഭവം, കേട്ടവര്‍ക്കു വിശ്വസിക്കാനായില്ല. ഒരു ബസ് അപകടത്തില്‍ പെട്ട് അരുണിന്റെ വിരലുകള്‍ക്ക് സാരമായ കേടു പറ്റി.
ഡോക്ടര്‍ പറഞ്ഞത് കേള്‍ക്കുമ്പോള്‍, അരുണിന്റെ പരിശീലകന്‍ തകര്‍ന്നുപോയി. ആ കൊച്ചു വിരലുകള്‍ മുറിച്ചു മാറ്റണം എന്ന്.
എന്നാല്‍ തന്റെ മാനസിക നില വീണ്ടെടുത്ത് പരിശീലകന്‍ ഡോക്ടറോട് പറഞ്ഞു, തന്റെ പ്രിയപ്പെട്ട ശിഷ്യന്റെ, കാല്‍ തന്നെ മുറിച്ചു മാറ്റണമെന്ന്. ഇത് കേട്ടവര്‍ ആദ്യം ഞെട്ടിത്തരിച്ചു. അവരോടു ആ വലിയ മനുഷ്യന്‍ പറഞ്ഞു. വിരലുകള്‍ പോയാല്‍, എന്റെ കുട്ടിക്ക് ഇനി ഒരിക്കലും ഓടാന്‍ ആവില്ല. എന്നാല്‍, കാലിനു പകരം ജൈപൂര്‍ കാല്‍ വച്ച് പിടിപ്പിച്ചു അവനു തീര്‍ച്ചയായും ഓടി മെഡലുകള്‍ വാങ്ങാം.
ജീവിതകാലം മുഴുവന്‍ പ്രയാസപ്പെട്ടു നടക്കുകയാണോ, അതോ, ഓടി മെഡലുകള്‍ വാങ്ങി കൂട്ടാനാണോ അരുണിന് മോഹം എന്ന ചോദ്യത്തിന് മറ്റൊരു ഉത്തരം ഉണ്ടായിരുന്നില്ല.
വര്‍ഷങ്ങള്‍ക്കു ശേഷം അരുണ്‍ തന്റെ ജീവിതത്തില്‍ നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കി എല്ലാവരുടെയും ആദരവ് നേടി.
കഥപറഞ്ഞു നിര്‍ത്തി പയ്യന്‍സിനോടു കുട്ടന്‍ ചോദിച്ചു, നിനക്ക് പഴയ പ്രേമത്തെ ഓര്‍ത്തു ജീവിതകാലം മുഴുവന്‍ ദുഖിച്ചു, നല്ല ജീവിതം തകര്‍ക്കണോ, അതോ, ആ കാല്‍ വെട്ടി മാറ്റി, ഒരു പുതിയ ജീവിതം പടുത്തുയര്‍ത്തണോ?
No comments:
Post a Comment