Monday, January 31, 2011

രാഷ്ട്രീയ വാരഫലം ജനുവരി അവസാന വാരം

കഴിഞ്ഞ ആഴ്ച കേരള-ദേശീയ രാഷ്ട്രീയ തലങ്ങളില്‍ വളരെ ജനശ്രദ്ധയാകര്‍ഷിച്ച സംഭവങ്ങളാണ് നടന്നത്.
വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ആരാണ് കൂടുതല്‍ പുറകോട്ടു പോകുക എന്ന ഒരു മത്സരം നടന്നത് പോലെ ആയിരുന്നു കോണ്‍ഗ്രസ് കമ്യുണിസ്റ്റ് കക്ഷികള്‍ നടത്തിയ പ്രകടനങ്ങള്‍.
കേന്ദ്രത്തില്‍ കോണ്ഗ്രസ് എക്കാലവും സുവര്‍ണ ലിപികളില്‍ തങ്ങളുടെ പേര് എഴുതിച്ചേര്‍ക്കുന്നതിനുള്ള അവസരം കളഞ്ഞു കുളിച്ചു. കാര്യം കള്ളപ്പണം തന്നെ. ചിലരുടെ കഷ്ടകാലം കൊണ്ട് തന്നെ ആകാം അസഞ്ഞേ പോലും മുക്കി വച്ച ആ ലിസ്റ്റ് ഗവണ്മെന്റ് നു ലഭിച്ചത്. പിന്നീട് ഈ വിവരം കൊടുത്ത വിദേശ എജെന്‍സി ക്ക് വരെ നാണക്കേടുണ്ടാക്കുന്ന വിധത്തില്‍ പ്രണബ് മുഖര്‍ജി പത്ര സമ്മേളനം നടത്തി. കള്ളപ്പണക്കാരുടെ പേര് പരസ്യപെടുത്തുന്നതിനു പരിമിതികള്‍ ഉണ്ടെന്നും അവരുടെ കാര്യത്തില്‍ നടപടി എടുക്കുന്നതിനും പരിമിതി ഉണ്ടെന്നും പറഞ്ഞ പ്രണബ് മുഖര്ജീ, ഒരു ചോദ്യം ഈ ജനങ്ങള്‍ ചോദിക്കുന്നത് താങ്കള്‍ കേള്‍ക്കുന്നില്ലേ?

* സര്‍ക്കാരിനു വരെ പരിമിതികള്‍ ഉണ്ടെങ്കില്‍ പിന്നെ ആരാണ് ഇവരെ നിയന്ത്രിക്കുക?
* നിയമങ്ങള്‍ നിര്‍മിച്ചു, അത് പരിരക്ഷിക്കുവാന്‍ കോടതിയെ അധികാരപ്പെടുത്തുകയും ചെയ്യേണ്ടുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് വളരെ കര്‍ശനമായി അത് ചെയ്യുന്നില്ല?
* പ്രകടനപത്രികയില്‍ നിറം പിടിപ്പിച്ച അക്ഷരങ്ങളില്‍ എഴുതിപിടിപ്പിച്ച വാഗ്ടനങ്ങളിലോന്നായ ഈ വിഷയത്തെക്കുറിച്ച് എന്തുകൊണ്ട് കഴിഞ്ഞ നാലുവര്‍ഷങ്ങളില്‍ പുതിയ നിയമ നിര്‍മാണം ഉണ്ടാക്കിയില്ല?
* ഈ പരിമിതികള്‍ ചൂണ്ടികാണിച്ചു കൊണ്ട് മുഖര്ജീ താങ്കള്‍ കള്ളപ്പണക്കാരെ പിന്തുണക്കുകയല്ലേ?

ഇന്ത്യയിലെ ജനങ്ങളെ എക്കാലവും പറ്റിക്കാന്‍ സാധിക്കുകയില്ല, അവര്‍ ഇപ്പോള്‍ തന്നെ എല്ലാം മനസ്സിലാക്കിയിട്ടുണ്ട്, പക്ഷെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിയും അഴിമതിയുടെ കാര്യത്തില്‍ ഒറ്റക്കെട്ടാവുമ്പോള്‍ പാവം ജനങ്ങള്‍ക്കാണ് കണ്ടക:ശനി.

കേരളത്തില്‍ മാധ്യമ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശുക്രദശ തുടങ്ങി. ഭാഗ്യം വന്നത് കുഞ്ഞാലിക്കുട്ടി വഴി തന്നെ. ഇദ്ദേഹം ജനങ്ങള്‍ പാടെ മറന്ന ഐസ് ക്രീം പാര്‍ലര്‍ കേസ് എല്ലാവരേയും ഓര്‍മിപ്പിച്ചു. അവസരത്തിനൊത്തു ഉണര്‍ന്നു പ്രവര്‍ത്തിച്ച ഇന്ത്യ വിഷന്‍ നാല് മാസം കൊണ്ട് എല്ലാ വിദഗ്ധ തെളിവും സംഘടിപ്പിച്ച് കേസ് ശക്തിപെടുത്തുവാന്‍ ആവുന്നത് ചെയ്യുന്നുണ്ട്. പ്രഗല്‍ഭ ജ്യോത്സ്യനെ കണ്ടു തന്നെയായിരിക്കും ഇങ്ങനെയുള്ള കാര്യങ്ങള്‍ നേരത്തെ ഇന്ത്യ വിഷന്‍ അറിഞ്ഞു വിവരങ്ങള്‍ ശേഖരിച്ചത്. ഓടുന്ന പട്ടിക്കു ഒരു മുഴം മുന്‍പേ.. കൊള്ളാം..!!! മുസ്ലിം ലീഗ് നും കുഞ്ഞാലിക്കുട്ടിക്കും ഇനി രാഹു-കേതുക്കളുടെ അപഹാരം ആണ്... നാക്കിനെ ശ്രദ്ധിക്കുക.
കാര്യങ്ങള്‍ ഇത്രയൊക്കെ തുണച്ചിട്ടും കമ്യുണിസ്റ്റ് കാര്‍ നേരെയാകാത്തത് ആണ് ഈ ആഴ്ചത്തെ അത്ഭുത പ്രതിഭാസം. ലോട്ടറിയും സ്മാര്‍ട്ട്‌ സിറ്റിയും എല്ലാം അവര്‍ നശിപ്പിച്ചു, ഇനി കുഞ്ഞാലിക്കുട്ടി രാശി മാറാതിരുന്നാല്‍ വീണ്ടും അഞ്ചു വര്ഷം വെയില് കൊള്ളാതെ നടക്കാം...

ശുഭം...

നോട്ട്: ഇത് പൊതുവേ രാഷ്ട്രീയക്കാരെ പറ്റിയാണെങ്കിലും പൊതു ജനങ്ങള്‍ക്കാണ് കൂടുതല്‍ ബാധിക്കുക... പരിഹാരങ്ങള്‍ക്ക് നേരിട്ടു പാര്‍ട്ടിയെ സമീപിക്കുക. ദക്ഷിണ നിര്‍ബന്ധം.

വാല്‍ക്കഷണം: ഇതുവരെ ആറില്‍ നിന്ന ശനി, എങ്ങോട്ടോ പോയതിനാല്‍ ജട്ജിമാര്‍ക്ക് തീരെ നല്ല കാലമല്ല. അവര്‍ ഒളി ക്യാമറകളെയും സന്ദര്‍ശകരെയും പ്രത്യേകം ശ്രദ്ധിക്കുക. ചാരവശാല്‍ സ്ഥാനചലനം ഫലം!

Thursday, January 20, 2011

രാഷ്ട്രീയ വാരഫലം - ജനുവരി മൂന്നാം വാരം.

ഈ വാരം തുടങ്ങിയത് ഒരു വലിയ ആഘാതത്തിന്റെ തുടര്‍ച്ചയില്‍ ആയിരുന്നു. ശബരിമലയില്‍ ഫോറെസ്റ്റ് വകുപ്പും പോലീസ് വകുപ്പും ദേവസ്വവും തമ്മിലുള്ള കബഡി കളിയ്ക്കിടയില്‍ ജീവന്‍ നഷ്ടപെട്ടവരെ ഇനി നമുക്ക് ദു:ഖത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ഏറ്റവും വരുമാനമുള്ള ഒരു ദൈവമായ അയ്യപ്പന്‍റെ ആശ്രിതര്‍ (ദേവസ്വം) ഭക്തരുടെ സുരക്ഷയ്ക്ക് ഒന്നും ചെയ്തില്ല. എന്തിനാ പതിവ് തെട്ടിക്കുന്നെ എന്ന് വിച്ചരിചിട്ടുണ്ടാകും മേലാളന്മാര്‍. കേരളത്തില്‍ ഈ വര്‍ഷത്തെ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ്‌ അവിടെ പാഞ്ഞെത്തിയ രാഷ്ട്രീയകരില്‍ ഒരാള്‍ക്ക് തന്നെ കൊടുക്കണം, ഹോ! എന്തൊരു ഭാവാഭിനയം!

ജനങ്ങളുടെ കൈയില്‍ നിന്ന് ഫണ്ട്‌ പിരിച്ചു അവരെ ദ്രോഹിക്കാന്‍ കേരളം മൊത്തം റോഡ്‌ ബ്ലോക്ക്‌ ഉം ഉണ്ടാക്കി ഒരു നേതാവ് യാത്ര നടത്തുകയായിരുന്നു. അത് മുടങ്ങിക്കിട്ടി. ആശ്വാസം തല്കാലത്തെകാണ്. ഇതെഴുതുംബോഴേക്കും വീണ്ടും തുടങ്ങിയിട്ടുണ്ടാകും. ആ ദുരന്തത്തില്‍ ഞെട്ടിയിരിക്കുമ്പോള്‍ ചില ചാനെല്‍കള്‍ നടത്തുന്ന പ്രകടനം അതിലും വലിയ ദുരന്തം ആയി. രോഗികളെ നോക്കുകയും, അതിനുള്ള സന്നാഹങ്ങള്‍ ഒരുക്കുകയും വേണ്ട വണ്ടിപ്പെരിയാരിലെ ഡോക്ടര്‍ സുരേഷ് വലിയ തിരക്കിലായിരുന്നു. കാരണം, ഇന്ത്യ വിഷന്‍ തത്സമയമല്ലേ ഡോക്ടറുടെ റിപ്പോര്‍ട്ട്‌ കൊടുക്കുന്നത്. അഭ്യസ്ത വിദ്യരായ മലയാളികളെ ലജ്ജിക്കൂ..!

ലോട്ടറി കേസ് നമ്മുടെ മുഖ്യന് വല്യ പെരുണ്ടാക്കികൊടുത്തു. എന്തിനാണ് ഇവര്‍ സി ബി ഐ എന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടുന്നത്. സത്യസന്ധമായി കാര്യങ്ങള്‍ ചെയ്യുമ്പോള്‍, എന്തിനു അന്വേഷണത്തെ ഭയപ്പെടണം.? അച്ചുവേട്ടന്‍ സി ബി ഐ അന്വേഷണം വേണമെന്ന് പറഞ്ഞതിന് പാര്‍ടിയില്‍ നിന്ന് പുറത്താക്കാന്‍ വരെ കല്കട്ടയില്‍ യോഗം കൂടുന്നു. വി എസ് എന്നാ പേര് പറയാന്‍ യോഗ്യത ഉള്ള ഒരാള്‍ ആ കൂട്ടത്തിലുണ്ടോ..? എന്തായാലും യോഗ തീരുമാനം ചോര്ന്നതിനാല്‍ നടപടി ഒഴിവായി. ഇത് കേള്‍ക്കുമ്പോ ഒരു കാര്യം മനസ്സില്‍ വന്നു. കമ്മ്യുണിസ്റ്റ് പാര്‍ടി യുടെ പേര് മാറ്റണം. കമ്മ്യുണിസ്റ്റ് ക്യാപിറ്റലിസ്റ്റ് പാര്‍ടി എന്നാക്കിയാലോ..?

Tuesday, January 18, 2011

കുട്ടന്റെ കണ്സല്ട്ടിംഗ് അനുഭവക്കുറിപ്പുകള്‍ -1

കുട്ടനെ ഇപ്പോള്‍ നിങ്ങള്‍ക്ക് പരിചയമായി കാണുമല്ലോ. കുട്ടന്റെ ജീവിതത്തില്‍ അടുത്തിടെ ചില മാറ്റങ്ങള്‍ ഉണ്ടായി. അന്ന് പറഞ്ഞ ആ എന്ടോസള്‍ഫാന്‍ ദുരന്തത്തിന് ശേഷം വിശിഷ്ട സേവ മെഡല്‍ വാങ്ങി തന്നെ കുട്ടന്റെ എഞ്ചിനീയര്‍ ജീവിതം അവസാനിച്ചു. ജീവിതം വഴിമുട്ടിയപ്പോള്‍ പഴയ തട്ടിപ്പ് വിദ്യകളിലേക്ക് ഒരു മടക്കയാത്ര വരെ ആലോചിച്ചു. അങ്ങനെ നില്‍കുമ്പോള്‍ കുട്ടന്റെ ഒരു പഴയ തോഴനായ കണ്ണന്‍ പിള്ള അവതരിക്കുന്നു. ആള്‍ ഒരു മാനേജ്‌മന്റ്‌ കണ്‍സല്‍ട്ടന്റ് ആണ്. കണ്ണന്റെ കഥയിലൂടെ ഒരു മാനസയാത്ര നടത്തിയ കുട്ടന്നു ബോധോദയം ഉണ്ടാകുന്നു, ഇനി തന്റെ തൊഴില്‍ അത് തന്നെ - കണ്‍സല്‍ട്ടന്റ് ആകുക. കുട്ടന്‍ പലര്‍ക്കും പണ്ടേ തന്നെ കണ്സല്ട്ടിംഗ് നല്‍കിയിട്ടുണ്ട്. പലര്‍ക്കും പല മാറ്റങ്ങളും വരുത്താനായിട്ടുമുണ്ട്.

എഞ്ചിനീയര്‍ ജോലിയില്‍ നിന്നുള്ള മാറ്റം കുട്ടന് നന്നേ ബോധിച്ചു. രാവിലെ എഴുന്നേറ്റു ഓഫീസില്‍ പോകണ്ട, ഉച്ച വരെ ഉറങ്ങാം, ദിവസവും കുളിക്കുക കൂടി വേണ്ട. സംഭവം ബഹുരസം. കുടവയറും, പൊണ്ണതടിയും കുറയുക എന്ന സൌകര്യങ്ങള്‍ വേറെയും. കാരണം മടിയുള്ളതിനാല്‍ പാചകം ഇല്ല, ഹോട്ടലില്‍ പോയി കഴിക്കുകയും ഇല്ല.

കാര്യങ്ങള്‍ ഇങ്ങനെ പോകുമ്പോള്‍ ആണ് കുട്ടന് പ്രശ്നത്തെ പറ്റി ധാരണ ഉണ്ടാകുന്നത്. കണ്സല്ടന്റ്റ് ആയിട്ട്, ഇതുവരെയും ആര്‍ക്കും കണ്സല്ട്ടിംഗ് കൊടുത്തിട്ടില്ല. പതിവുപോലെ തന്റെ ചാറ്റിങ്, ട്വീടിംഗ് എന്നിവയില്‍ മുഴുകി ഇരിക്കുമ്പോള്‍ ഒരു ഇര വീണു കിട്ടുന്നു. ഇര ഒരു പാവം എഞ്ചിനീയറിംഗ് വിദ്യാര്‍ഥി. പ്രശ്നം പ്രൊഫഷണല്‍ കരിയര്‍ തന്നെ.

മൂകാംബിക ദേവിയെ ധ്യാനിച്ച് കുട്ടന്‍ തന്റെ വിശകലനം ആരംഭിച്ചു. പയ്യന്‍സ് ഒരു പ്രേമം കലങ്ങിയതിന്റെ നിരാശയില്‍ ആണ്. പയ്യന്‍സ് ജനിക്കുമ്പോള്‍ നക്ഷത്ര സമൂഹങ്ങളും, നവ ഗ്രഹങ്ങളും ഹര്‍ത്താല്‍. ഒടുവില്‍ സമവായതിലായ അനിഴം നക്ഷത്രമുദിച്ചു. കലശലായ മാതാ-പിതാ വിധേയത്വം ഫലം. അങ്ങനെ അവര്‍ക്ക് വേണ്ടി താന്‍ സ്നേഹിച്ച കുട്ടിയെ മനസ്സില്‍ നിന്ന് യാത്രയാക്കി വീണ്ടും വിദ്യ അഭ്യസിക്കാന്‍ കച്ചകെട്ടി ഇറങ്ങി. ഇനി വേണ്ടത് ലക് ഷ്യബോധം.

കുട്ടന്‍ ഒന്ന് കാര്യങ്ങളെ അവലോകനം ചെയ്തു. കണ്ണടച്ച് ധ്യാനിച്ച്. വിശാലമായി മുറുക്കി തുപ്പി. എന്നിട്ട് പയ്യന്‍സിനെ സഹോദര തുല്യനായി അവരോധിച്ച് തന്റെ ഉപദേശങ്ങള്‍ കൊടുത്തു.

കുട്ടന്റെ ഉപദേശങ്ങള്‍ മുഴുവന്‍ ഇവിടെ വിവരിക്കുന്നില്ല, കാരണം, അത് വളരെ നീണ്ടു പോകും. കേട്ടിരുന്ന പയ്യന്‍സിന്റെ മന:ശക്തി വായനക്കാര്‍ക്കുണ്ടാകില്ല. കുട്ടന്‍ പറഞ്ഞ ഒരു ചെറിയ കഥ ചുരുക്കി പറയാം.

കുട്ടന്‍ ഉവാച:
ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയായ അരുണിന്റെ ഏറ്റവും വലിയ ആഗ്രഹം, ഓട്ടമത്സരത്തില്‍ ജയിച്ചു മെടല്‍ വാങ്ങണമെന്നായിരുന്നു. അതിനായി അവന്‍ കഠിന പരിശീലങ്ങളും വ്യായാമ മുറകളും ശീലിച്ചുപോന്നു. ഇങ്ങനെ ഇരിക്കുമ്പോഴാണ് ആ ദാരുണ സംഭവം, കേട്ടവര്‍ക്കു വിശ്വസിക്കാനായില്ല. ഒരു ബസ്‌ അപകടത്തില്‍ പെട്ട് അരുണിന്റെ വിരലുകള്‍ക്ക് സാരമായ കേടു പറ്റി.
ഡോക്ടര്‍ പറഞ്ഞത് കേള്‍ക്കുമ്പോള്‍, അരുണിന്റെ പരിശീലകന്‍ തകര്‍ന്നുപോയി. ആ കൊച്ചു വിരലുകള്‍ മുറിച്ചു മാറ്റണം എന്ന്.
എന്നാല്‍ തന്റെ മാനസിക നില വീണ്ടെടുത്ത്‌ പരിശീലകന്‍ ഡോക്ടറോട് പറഞ്ഞു, തന്റെ പ്രിയപ്പെട്ട ശിഷ്യന്റെ, കാല്‍ തന്നെ മുറിച്ചു മാറ്റണമെന്ന്. ഇത് കേട്ടവര്‍ ആദ്യം ഞെട്ടിത്തരിച്ചു. അവരോടു ആ വലിയ മനുഷ്യന്‍ പറഞ്ഞു. വിരലുകള്‍ പോയാല്‍, എന്റെ കുട്ടിക്ക് ഇനി ഒരിക്കലും ഓടാന്‍ ആവില്ല. എന്നാല്‍, കാലിനു പകരം ജൈപൂര്‍ കാല്‍ വച്ച് പിടിപ്പിച്ചു അവനു തീര്‍ച്ചയായും ഓടി മെഡലുകള്‍ വാങ്ങാം.

ജീവിതകാലം മുഴുവന്‍ പ്രയാസപ്പെട്ടു നടക്കുകയാണോ, അതോ, ഓടി മെഡലുകള്‍ വാങ്ങി കൂട്ടാനാണോ അരുണിന് മോഹം എന്ന ചോദ്യത്തിന് മറ്റൊരു ഉത്തരം ഉണ്ടായിരുന്നില്ല.
വര്‍ഷങ്ങള്‍ക്കു ശേഷം അരുണ്‍ തന്റെ ജീവിതത്തില്‍ നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കി എല്ലാവരുടെയും ആദരവ് നേടി.

കഥപറഞ്ഞു നിര്‍ത്തി പയ്യന്‍സിനോടു കുട്ടന്‍ ചോദിച്ചു, നിനക്ക് പഴയ പ്രേമത്തെ ഓര്‍ത്തു ജീവിതകാലം മുഴുവന്‍ ദുഖിച്ചു, നല്ല ജീവിതം തകര്‍ക്കണോ, അതോ, ആ കാല്‍ വെട്ടി മാറ്റി, ഒരു പുതിയ ജീവിതം പടുത്തുയര്‍ത്തണോ?

മൊബൈല്‍ നമ്പര്‍ പോര്‍ടബിലിടി കേരളത്തില്‍

മൊബൈല്‍ നമ്പര്‍ പോര്‍ടബിളിടി സംവിധാനം 2011 ജനുവരി 20 - 30 മുതല്‍ കേരളത്തില്‍ നിലവില്‍ വരുന്നു...
നിലവില്‍ ഉള്ള സേവന ദാദാവില്‍ നിന്നും പുതിയ സേവന ദാതാവിനെ തിരെഞ്ഞെടുക്കാനുള്ള നിര്‍ദേശങ്ങള്‍:-
(1 ) PORT <സ്പേസ് > നിങ്ങളുടെ നിലവിലുള്ള 10 അക്ക മൊബൈല്‍ നമ്പര്‍ എന്നിവ എഴുതി 1900 എന്ന നമ്പറിലേക്ക് 1 sMs അയക്കുക
(2 ) അപ്പോള്‍ നിങ്ങള്‍ക്ക് ഒരു UPC കോഡ് ചേര്‍ത്തുള്ള 1 sMs തിരികെ ലഭിക്കും
(3 ) കോഡ് ലഭിച്ചു 15 ദിവസത്തിനകം ഏത് സേവന ദാതാവിനെയാണോ പുതിയതായി തെരഞ്ഞെടുക്കുന്നത് അവരുടെ ഷോ റൂമിലോ അടുത്തുള്ള മൊബൈല്‍ ഷോപ്പിലോ സന്തര്‍ശിച്ചു നിങ്ങള്‍ക്ക് ലഭിച്ച UPC കോഡ് + അഡ്രസ്‌ പ്രൂഫ്‌ + പുതിയ ഫോട്ടോ എന്നിവ ഹാജരാക്കി, 19 രൂപ അവിടെ അടക്കുക ( UPC കോഡ് ലഭിച്ചു 15 ദിവസത്തിനകം ഹാജരായില്ലെങ്കില്‍ , ആദ്യം ചെയ്തത് പോലെ UPC കോഡ്'നുവേണ്ടി വീണ്ടും sMs അയക്കുക)
(4 ) ശേഷം അവിടെ നിന്നും ഒരു പുതിയ സിം കാര്‍ഡ്‌ നിങ്ങള്‍ക്ക് ലഭിക്കും
(5 ) രണ്ടോ മൂന്നോ ദിവസത്തിനകം നിങ്ങളുടെ പുതിയ സേവന ദാതാവ്‌ നിങ്ങള്‍ക്ക് ലഭിച്ച പുതിയ സിം കാര്‍ഡ്‌ ലേക്ക് മാറിയിട്ടുണ്ടാവും.

ശ്രദ്ധിക്കുക:-
> സേവന ദാദാവിനെ മാറ്റുന്നതിനു വേണ്ടി വരുന്ന രണ്ടോ മൂന്നോ ദിവസം നിങ്ങളുടെ നിലവിലുള്ള സിം'ന്‍റെ പ്രവര്‍ത്തനം തടസ്സപ്പെടും
> പുതിയ സേവന ദാദാവിനെ തിരെഞ്ഞെടുതാല്‍ അടുത്ത 90 ദിവസത്തേക്ക് മറ്റൊരു സേവന ദാദാവിലേക്ക് മാറാന്‍ കഴിയില്ല

വിവരത്തിനു കടപ്പാട്: ഒരു മെയില്‍ ഫോര്‍വേഡ്.
മുന്നറിയിപ്പ്: ഇത് ഒരു ഒഫീഷ്യല്‍ ഇന്‍ഫര്‍മേഷന്‍ അല്ല.

Thursday, January 13, 2011

കുട്ടന്റെ താണ്ടവം

ചടയന്‍ കൊടുത്ത ഉത്സാഹത്തില്‍ കുട്ടന്‍ ലേക്ക് വ്യൂ റോഡിലെ വാട്ടര്‍ ടാങ്കിനു മുകളില്‍ നൃത്തം വെച്ചു.. ആഹ്ലാദം ഒരുപാട് കൂടുമ്പോള്‍, അല്ലെങ്കില്‍, ഒരുപാട് ദു:ഖം വരുമ്പോള്‍, അതുമല്ലെങ്കില്‍ ഒരുപാട് ടെന്‍ഷന്‍ വരുമ്പോള്‍ ആണ് കുട്ടന്‍ ചടയനെ ഓര്‍ക്കുന്നത്... കുട്ടന് സന്തോഷവും സങ്കടവും വളരെ അപൂര്‍വമായേ വരാറുള്ളൂ.. ഇപ്പോഴും ടെന്‍ഷന്‍ ആണ്... ഇന്ത്യ പാക്കിസ്ഥാന്‍ ടെസ്റ്റ്‌ നടക്കുന്നുണ്ടെങ്കില്‍ വരെ കുട്ടന് ടെന്‍ഷന്‍ ആണ്... കുട്ടന്‍ ചടയന്റെ സ്ഥിരം തോഴനല്ല.. ചടയന്റെ രസം ഒരു രസം തന്നെ, അതാണ് അതിനെപ്പറ്റി ചോദിച്ചപ്പോള്‍ കുട്ടന്‍ പറഞ്ഞത്...

കുട്ടന്‍ മദ്രാസില്‍ എത്തിയിട്ട് കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞു. നാട്ടില്‍ നിന്ന് ഓടിച്ചുവിട്ടതാണെന്ന് ഒരു പക്ഷം, അതല്ല എന്തോ സാമ്പത്തിക ബാധ്യത വന്നു കൂടിയതിനാല്‍ രക്ഷപെട്ടു വന്നതാണെന്ന് മറ്റൊരു പക്ഷം, പക്ഷെ, കൂടുതല്‍ പ്രചരിക്കുന്നത്, കട്ട റം കുടിച്ച വശപെശകില്‍ ത്രിശൂര്‍ ഇറങ്ങുന്നതിനുപകാരം, മദിരാശിയില്‍ ഇറങ്ങിയതാണെന്നാണ്. കുട്ടന്‍ പൊതുവേ ആഹാരപ്രിയനാണ്. മദിരാശിയിലെ പൊങ്കലും, പലതരം ചോറും, കുട്ടനെ മദിരാശിയില്‍ പിടിച്ചു നിര്‍ത്തിയത്രെ.

കുട്ടന്‍ അതി സാഹസികനും ബുദ്ധിമാനും ആണ്. തട്ടിപ്പും വെട്ടിപ്പും പഥ്യം. മദിരാശിയില്‍ എത്തിയ കുട്ടന്‍ അവിടെ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയി ജോലി തരപ്പെടുത്തി. സ്വതവേയുള്ള മടി കുട്ടനെ പുതിയ ആശയങ്ങള്‍ക്ക് പ്രേരിപ്പിച്ചു. എന്തും തനിയെ പ്രവര്തിക്കപ്പെടുന്ന, ഇന്ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ എന്ന മേഖലയില്‍ കുട്ടന്‍ പ്രമുഖ താരമായി. കുട്ടന്റെ ജോലിക്കാര്യവും പരമ രസം. ഉറങ്ങ്ങുകയല്ലെങ്കില്‍, കുട്ടന്‍ ജോലി ചെയ്യുകയായിരിക്കും. എന്നാല്‍ ഉറങ്ങിയാല്‍ പിന്നെ എപ്പോ എഴുന്നെല്‍ക്കുമെന്നു ആര്‍ക്കും പ്രവചിക്കാന്‍ പറ്റില്ല. ഭക്ഷണം കഴിക്കാന്‍ കുട്ടന് അതിയായ താല്പര്യം ഉണ്ടെങ്കിലും, അത്യധികമായ മടി ഉള്ളതുകൊണ്ടാണ്, പലപ്പോഴും കുട്ടന്‍ ആഹാരം ഒഴിവാക്കുന്നത്. ദിവസങ്ങളോളം ആഹാരം കഴിക്കാതെ ഇരുന്നിട്ടുണ്ട് കുട്ടന്‍.

കുട്ടന്റെ മറ്റൊരു പ്രത്യേകത, ദേഷ്യം ആണ്. വളരെ പെട്ടെന്ന് ദേഷ്യം വരും. ഒരിക്കല്‍, ഓഫീസില്‍ കുട്ടന്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ആരോ ലൈറ്റ് ഓഫാക്കി. പോരെ പൂരം. ആ ദേഷ്യത്തിന് മുന്‍പിലെ മോനിടര്‍ അടിച്ചു തകര്‍ത്താണ് ദേഷ്യം ശമിപ്പിച്ചത്.

ഈയിടെയായി കുട്ടന്‍ ടെന്‍ഷന്‍ല്‍ ആണ്. കുറച്ചു രാഷ്ട്രീയ ചിന്തയുള്ള കുട്ടന്, ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിഗതികളില്‍ ആശങ്കയുണ്ടായതിനു അത്ഭുതം വേണ്ടല്ലോ. പ്രശ്നം അവന്‍ തന്നെ! എന്ടോസള്‍ഫാന്‍! കുട്ടന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഇതിനെപറ്റി വായിച്ചറിഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് ഇത് നിരോധിക്കാത്തത്..? ഇതിനെപറ്റി എന്താ നമ്മുടെ സ്വകാര്യ, പൊതുമേഖല ഗവേഷണ കേന്ദ്രങ്ങള്‍ ഗവേഷണം നടത്താത്തത്..? ലോകം മൊത്തത്തില്‍ മുതലാളിത്ത കുത്തകകളുടെ കൈപിടിയിലോതുങ്ങിയോ..? ഇങ്ങനെ നാനാവിധ ചിന്തകളാണ് കുട്ടന്റെ മനസ്സില്‍. ദിവസവും 12 മണിക്കൂര്‍ ഉറങ്ങുന്ന കുട്ടന് ഇപ്പൊ അശേഷം ഉറക്കമില്ല. ഭക്ഷണത്തോട് വിരക്തി. രോഷമാണ്‌ ഉള്ളില്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട്.

കുട്ടനെ അശാന്തിയുടെ പാരമ്യത്തിലെത്തിച്ചു നില്‍ക്കവേ, ഓഫീസില്‍ ഒരു ഡിന്നര്‍ പരിപാടി. ഡിന്നര്‍ എന്നാല്‍ തീറ്റയും കുടിയും. ടെന്‍ഷന്‍ കുറച്ചു വെള്ളമൊഴിച്ച് നേര്‍പ്പിക്കാം എന്ന ചിന്തയില്‍, കുട്ടനും പോയി. നേര്‍പിച്ചു, ഒരു വിധം കാലപ്രമാണത്തിലെത്തിയപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്, കഴിചിരുന്നതില്‍ മഷ്രൂം ഫ്രൈ ഉം ഉള്‍പ്പെട്ടിരുന്നു. ഓര്‍മകള്‍ അതിവേഗം കുതിച്ചു പാഞ്ഞു, അതെ, അവന്‍, എന്ടോസള്‍ഫാന്‍ തന്നെയാണ്, ഇതിലും. സുഹൃത്തിന്റെ കൂണ്‍ കൃഷി സ്ഥാപനത്തില്‍ വച്ച് തിരിച്ചറിഞ്ഞ കാര്യം. കീടനാശിന്യായി, കൊടും വിഷം. അന്ന് നിര്‍ത്തിയതാണ് കൂണ്‍ പ്രേമം.

ഓര്‍മ്മ വരുമ്പോ, സഹപ്രവര്‍ത്തകന്‍ ശരവണന്റെ വീടിലയിരുന്നു. ശരവണന്‍ കുട്ടനെ നന്നായി ശകാരിച്ചു. ഡിന്നര്‍ ആകെ അലങ്കോലമാക്കിയതും പോര, ഇടയ്ക്ക് കയറിയ മാനേജരുടെ ചെകിട് തീര്‍ത്തു കൊടുത്തതും കുറച്ചു കൂടിപോയി. നാളെ എന്തായാലും മെമോയും പിരിച്ചുവിടല്‍ ഒഴികെയുള്ള നടപടി ക്രമങ്ങളും സഹിക്കാന്‍ റെഡി ആകുക.

ശരവണന്റെ വീട്ടില്‍ നിന്ന് നേരെ പോയത് ചടയന്‍ സംഘടിപ്പിക്കാനാണ്. ഇനി ടെന്‍ഷന്‍ ഒന്ന് ഇറക്കി, സ്വസ്ഥമായി സാധാരണക്കാരനായി മാറണം. അതിനാണ് ഈ നൃത്തം.. ഇതില്‍ താണ്ടവമുണ്ട്. മനസ്സിലെ ഉറങ്ങിക്കിടക്കുന്ന അനുസരിക്കാത്ത മൃഗത്തെ തളക്കാനുള്ള നൃത്തം. ഓം ശാന്തി ശാന്തി...

Click here to visit JunctionKearala.com